സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പത്തൊമ്പതുകാരനൊപ്പം പതിനാറുകാരി ഒളിച്ചോടി
കോഴിക്കോട്: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പത്തൊമ്പതുകാരനൊപ്പം പതിനാറുകാരി ഒളിച്ചോടിയത് ഒരു തെളിവും ബാക്കി വെയ്ക്കാതെ, എന്നിട്ടും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്. ഒരു സുപ്രഭാതത്തിൽ കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പന്തീരാങ്കാവ് പൊലീസിന്. എന്നാല്‍ അന്വേഷണ സംഘം പെണ്‍കുട്ടിയുമായി കടന്ന 19 കാരനെ നിഷ്പ്രയാസം പൊക്കി. കണ്ണൂർ ഉളിക്കൽ സ്വദേശി അജാസിനെയാണ് പന്തീരാങ്കാവ് പാലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ലോക് ഡൗൺ കാലത്താണ് യുവാവ് പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമം വഴി സൗഹൃദത്തിലായത്. ബൈക്ക് സ്റ്റൻഡർ എന്ന് പറഞ്ഞായിരുന്നു പരിചയപ്പെടുത്തൽ. അതിന് തെളിവായി ഫോട്ടോകളും അയച്ച് കൊടുത്തു. വീഡിയോ കോളിലൂടെ സൗഹൃദം വളർന്നു. അങ്ങനെ നേരിൽ ഒരിക്കൽ പോലും കാണാത്ത ഇവർ നാട് വിടാൻ തീരുമാനിക്കുന്നു. നാട് വിടുന്നത് പിടിക്കപ്പെടാതിരിക്കാൻ ഒരു തെളിവും എവിടെയും വെയ്ക്കാതെയായിരുന്നു ആസൂത്രണങ്ങൾ.
പെൺകുട്ടിയെ കാണുന്നില്ലെന്ന് പരാതി ലഭിച്ചതോടെ പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയ്ക്ക് ഇത്തരം സൗഹൃദമുള്ളത് ആർക്കുമറിയില്ലായിരുന്നു. പെൺകുട്ടി മൊബൈൽ ഫോൺ വീട്ടിൽ വെച്ചായിരുന്നു പോയത്. തുടർന്ന് പൊലീസ് സി.സി.ടിവി കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു യുവാവിനൊപ്പം കുട്ടിയുടെ ചിത്രം സി.സി.ടി വി.യിൽ കാണുന്നു. കുട്ടിയുടെ കൂടെയുള്ള യുവാവ് ആരാണെന്ന് ആർക്കും ഒരു പിടിയും കിട്ടുന്നില്ല. പിന്നീട് ടിക്കറ്റ് കൗണ്ടർ രജിസ്റ്റർ സമയം വെച്ച് പരിശോധിച്ചപ്പോൾ ഇവർ കൊല്ലത്തേക്കാണ് ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായി.
പക്ഷേ ട്രെയിനിൽ ഇവർ കയറിയിട്ടില്ലെന്നും പിന്നീട് കണ്ടെത്തി. എവിടെയും ഫോൺ നമ്പർ പോലും കൊടുക്കാത്ത യുവാവ് ടിക്കറ്റ് കൗണ്ടറിൽ യഥാർത്ഥ പേർ നൽകിയത് പോലീസിന് പിടിവള്ളിയായി. യുവാവിൻ്റെ പേരിലുള്ള ഫെയ്സ് ബുക്ക് എക്കൗണ്ടിൽ പെൺകുട്ടിയും ഫ്രെണ്ടാണെന്ന് കണ്ടതോടെ അന്വേഷണം വഴിത്തിരിവായി. പിന്നീട് എഫ്.ബി. എക്കൗണ്ടിൽ നിന്നും ഫോൺ നമ്പർ സംഘടിപ്പിച്ച് ബന്ധപ്പെട്ടപ്പോൾ ഫോൺ കൊട്ടാരക്കരയുണ്ടെന്ന് വ്യക്തമായി.
തുടർന്ന് കൊട്ടാരക്കര പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പിടികൂടി കോഴിക്കോടെത്തിച്ചത്. ഇരുവരും വിദ്യാർത്ഥികളാണ്. ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് നാട് വിട്ടതെന്നായിരുന്നു യുവാവ് പറഞ്ഞത്. 19 വയസായതിനാൽ യുവാവിനെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ. ജോസ്, എസ്.ഐ ധനഞ്ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം നടത്തിയത്.