വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി വിദേശ കമ്പനിക്ക് കൈമാറി
തിരുവനന്തപുരം: യാത്രക്കാരുടെ രേഖകൾ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സിനാണ് വിവരങ്ങൾ ലഭിച്ചത്.
യാത്രക്കാരുടെ പാസ്‌പോർട്ട് നമ്പർ ചോർത്തിയ ശേഷം ഒരേ നമ്പർ ഉപയോഗിച്ച് പല പേരുകളിൽ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങി. മുന്തിയ ഇനം മദ്യമാണ് പ്രധാനമായും ഇത്തരത്തിൽ വാങ്ങി കടത്തിയത്. കുട്ടികളായ യാത്രക്കാരുടെ പാസ്‌പോർട്ടിന്റെ പേരിലും മദ്യം കടത്തി.
ഈ മദ്യത്തിൽ നല്ലൊരളവും നഗരങ്ങളിലെ ആഢംബര ഹോട്ടലുകളിലാണ് എത്തിയത്. തട്ടിപ്പിന് കൂട്ട് നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറുകൾ വാങ്ങിയതിന്റെ പണം അടച്ചത് മലേഷ്യൻ കമ്പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യൻ കമ്പനിയുടെ ഉപകമ്പനിയായ പ്ലസ് മാക്സാണ് ഇവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തത്. കള്ളക്കടത്തിന് കൂട്ടുനിന്നതിനും അഴിമതിക്കും കുറ്റം ചുമത്തപ്പെട്ട ലൂക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2019ൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയ തട്ടിപ്പിലെ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ലൂക്ക്. പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ സി.ഇ.ഒ സുന്ദരവാസൻ, ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരാണ് മറ്റു പ്രതികൾ.
സി.ബി.ഐ അറസ്റ്റു ചെയ്‌തെങ്കിലും ഉന്നതങ്ങളിൽ പിടിപാടുള്ളതിനാൽ ലൂക്കിനെതിരെ കസ്റ്റംസ് വകുപ്പുതല നടപടി സ്വീകരിക്കാതിരുന്നതോടെ ഇയാൾ ഓഡിറ്റ് വിഭാഗത്തിൽ സൂപ്രണ്ടായി തുടർന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ പുതിയ കമ്മിഷണറായി നിയമിതനായ രജേന്ദ്രകുമാർ കർശനനിലപാട് സ്വീകരിച്ചതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. കസ്റ്റംസിലെ ഒരു സൂപ്രണ്ടിനെ പ്രിവന്റീവ് വിഭാഗം അറസ്റ്റു ചെയ്യുന്നതും ആദ്യമാണ്. കള്ളക്കടത്തിന് കൂട്ടുനിന്ന ഫ്രാൻസിസ് എന്ന ഹവിൽദാറെ ഏതാനും മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു.