കെ എസ് ആർ ടി സി ബസിൽ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം

കോഴിക്കോട്: കെ എസ് ആർ ടി സി ബസിൽ അദ്ധ്യാപികയ്ക്ക് നേരെ ലൈംഗിക അതിക്രമം. കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. ബസിൽ ഉണ്ടായിരുന്നയാൾ കടന്ന് പിടിച്ചെന്ന് അദ്ധ്യാപിക പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവതി ലൈംഗിക അതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ധ്യാപിക. എറണാകുളത്തിനും തൃശൂരിനുമിടയിലാണ് സംഭവം നടന്നത്. താൻ പ്രതികരിച്ചിട്ടും കണ്ടക്ടർ പോലും ഒപ്പമുണ്ടായില്ലെന്ന് യുവതി പറയുന്നു. കണ്ടക്ടറുടെ സംസാരം വേദനിപ്പിച്ചെന്നും, അതിക്രമത്തേക്കാൾ മുറിവേൽപിച്ചത് അതാണെന്നും അദ്ധ്യാപിക വ്യക്തമാക്കി. കണ്ടക്ടർക്കെതിരെ പൊലീസിൽ പരാതി നൽകാനാണ് യുവതിയുടെ തീരുമാനം.

അദ്ധ്യാപികയുടെ വാക്കുകൾ

“ഒച്ചത്തിൽ നിങ്ങളെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. അയാൾ മിണ്ടാതിരുന്നു. അയാൾ പിറകിലെ സീറ്റിൽ തന്നെ ഇരിക്കുകയാണ്. എനിക്ക് പേടിയാകാൻ തുടങ്ങി. ഞാൻ എന്ത് ധൈര്യത്തിലാ ചേട്ടാ ഇവിടെ ഇരിക്കുക എന്ന് ചോദിച്ചപ്പോൾ അയാൾ രണ്ട് സീറ്റിനപ്പുറം മാറിയിരുന്നു. രണ്ട് കോളേജ് പിള്ളേരാണ് തൊട്ടിപ്പുറമുള്ളത്. എന്റെ മുന്നിൽ കണ്ടക്ടർ ഇരിപ്പുണ്ട്. ഇവരൊക്കെ ഇതുമുഴുവൻ കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടിയില്ല.

നേരെ പോയി കണ്ടക്ടറോട് ചോദിച്ചു, ഇത്രയും സംഭവിച്ചിട്ടും ചേട്ടൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന്. അങ്ങേര് മാപ്പ് പറഞ്ഞതല്ലേ പിന്നെ ഞാൻ എന്ത് ചെയ്യാനാണെന്ന് ചോദിച്ചു. കുറേ കുറ്റപ്പെടുത്തി. ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന് തന്നെ പറഞ്ഞു. എല്ലാവരുടെയും സമയം മെനക്കെടുത്താനെന്നൊക്കെ പറഞ്ഞ് കണ്ടക്ടർ കുറ്റപ്പെടുത്തി.’- യുവതി പറഞ്ഞു.