സംസ്ഥാനത്ത് ഗാർഹിക വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധന; വർദ്ധനവ് ആർക്കൊക്കെ എന്ന് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക വൈദ്യുതി നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് റഗുലേറ്ററി കമ്മീഷൻ. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് വരുത്തിയത്. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചത്. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല.
ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല. ശരാശരി 6.6 ശതമാനം വർധനയാണ് വരുത്തിയതെന്നാണ് കമ്മീഷൻ പറയുന്നത്. അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന വേണമെന്നായിരുന്നു കെഎസ്ഈബിയുടെ ആവശ്യം. വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്.
പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വർധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വർധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വർധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്‌സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്‌സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്‌സഡ് ചാർജ് 150ൽ നിന്ന് 225 ആകും.
ഗാർഹിക ഉപഭോക്താക്കൾക്ക് അനുകൂല താരിഫാണെന്ന അവകാശവാദത്തോടെയാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതിനിരക്ക് പ്രഖ്യാപിച്ചത്. അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു. പുതുക്കി നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎൽ വിഭാഗത്തിന് പഴയ നിരക്കിൽ വൈദ്യുതി ഉപയോഗിക്കാം. താരിഫിൽ മാറ്റമില്ല. ഗാർഹിക ഉപഭോക്താകൾക്ക് 50 യൂണിറ്റ് വരേയും താരിഫിൽ മാറ്റമില്ല. അനാഥാലയം, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ എന്നീ സ്ഥാപനങ്ങൾക്കും നിരക്ക് വർധന ബാധകമായിരിക്കില്ല. കാർഷിക ഉപഭോക്താക്കൾക്ക് എനർജി ചാർജ്ജിൽ മാറ്റമില്ല. ചെറിയ പെട്ടികൾക്കൾക്ക് കണക്ട് ലോഡ് ആയിരം വാട്ട് എന്നത് രണ്ടായിരം വാട്ടാക്കി ഉയർത്തി.
പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 15 പൈസ കൂടും. മില്ലുകൾ, തയ്യൽ പോലുള്ളവർക്ക്, ചെറുകിട സംരംഭങ്ങൾക്ക് 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധന 25 പൈസ വരെയാവും. കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയർത്തി.ഗുരുതര രോഗികളുള്ള വീടുകൾക്ക് നൽകിവരുന്ന ഇളവുകൾ തുടരും. 2020-21 ൽ കെഎസ്ഇബിയുടെ പ്രവർത്തനലാഭം 10 കോടി രൂപയാണെന്ന് കമ്മീഷൻ അറിയിച്ചു.
പ്രത്യേക സാഹചര്യം പരിഗണിച്ച് 2022-23 വർഷത്തെ നിരക്ക് വർധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അറിയിച്ചു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
വൈദ്യുതി നിരക്കിൽ വർദ്ധനവ് ഇങ്ങനെ
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പരമാവധി വർധനവ് യൂണിറ്റിന് 25 പൈസയിൽ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 47.50 രൂപ അധികം നൽകേണ്ടിവരും.
1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധന ഇല്ല.
പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവർക്ക് ആനുകൂല്യം ലഭിക്കും.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് താരിഫ് വർധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ താരിഫ് വർധനവില്ല.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സൗജന്യ നിരക്ക് നിലനിർത്തി.
ചെറിയ പെട്ടിക്കടകൾ, ബങ്കുകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്നു 2000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കും.
കാർഷിക ഉപഭോക്താക്കൾക്ക് ചാർജ് വർധിപ്പിച്ചിട്ടില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും.
10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകൾ, തയ്യൽ ജോലി ചെയ്യുന്നവർ, തുണിയേയ്ച്ചുകൊടുക്കുന്നവർ തുടങ്ങിയ ചെറുകിട സംരംഭകർക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങൾക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വർധനവ് വരും.