കുഞ്ഞിന്‍റെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ്; മലപ്പുറം സ്വദേശിയടക്കം 3 പേര്‍ പിടിയില്‍

പാലാ : ഒരു വയസ്സുകാരിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ സഫീര്‍ (38), കോട്ടയം ഒളശ്ശ റാം മതേയില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ ജോമോന്‍ (28) എന്നിവരാണ് പിടിയിലായത്. രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ പേരിലായിരുന്നു പിരിവ്.

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രം ഉപയോഗിച്ചുള്ള ഫെ്ളക്സ് അടിച്ച് പാലായില്‍ പണം പിരിക്കുകയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാസഹായത്തിനായി പണം പിരിക്കുന്നത് കണ്ട് ഫ്ളെക്സില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷണം നടത്തി. കുട്ടിയുടെ പിതാവ് മകളുടെ ചികിത്സയ്ക്കു പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരെ കൂടുതല്‍ ചോദ്യംചെയ്താണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്ത് ആര്‍ഭാട ജീവിതത്തിനായാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സഫീറിനെതിരേ മലപ്പുറത്തും ചിറ്റൂരിലും കഞ്ചാവ് കേസ്സിലും മലപ്പുറം മഞ്ചേരി സെഷന്‍സ് കോടതില്‍ അബ്കാരി കേസ്സിനും പിടികിട്ടാപ്പുള്ളിയായി പ്രഖാപിച്ച് വാറന്റ് നിലവിലുണ്ട്.