വി.ഡി. സതീശൻ പാണക്കാട് സന്ദര്‍ശിച്ചു; ‘ലീഗുമായുള്ളത് സഹോദര ബന്ധം, ഒരു അഭിപ്രായ വ്യത്യാസവുമില്ല’

പാണക്കാട് (മലപ്പുറം): പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ തമ്മില്‍ ഉടലെടുത്ത വാക്കുതര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സൗഹൃദ സന്ദര്‍ശനം.

സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. മലപ്പുറം കോണ്‍ഗ്രസിലെ തര്‍ക്കവും ഫലസ്തീൻ വിവാദവും ചര്‍ച്ചയായെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്ന് വൈകീട്ട് നാലു മണിക്ക് പാണക്കാടെത്തി സാദിഖലി തങ്ങളെ കാണും.

ലീഗുമായുള്ളത് സഹോദര ബന്ധമാണെന്നും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സതീശൻ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയും യോഗത്തില്‍ പങ്കെടുത്തു.

നിരവധി പേര്‍ മരിച്ചു വീഴുന്ന ഫലസ്തീൻ എന്ന ഗുരുതര വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സതീശൻ ആരോപിച്ചു. റാലി നടത്താൻ തീരുമാനിച്ച സി.പി.എം ഫലസ്തീനെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്. അതിന്‍റെ മറവില്‍ മുസ്‍ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണ് ചര്‍ച്ചാ വിഷയമാക്കുന്നത്. ഫലസ്തീന് ആര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യും. പക്ഷേ, സി.പി.എം വിഷയത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. സി.പി.എമ്മിന് ഫലസ്തീനിനോടുള്ള ആത്മാര്‍ഥ ഐക്യദാര്‍ഢ്യമാണ് ഉള്ളതെങ്കില്‍ എന്തിന് ലീഗിനെ മാത്രമായി ക്ഷണിക്കണം? കോണ്‍ഗ്രസിനെയും യു.ഡി.എഫിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചുകൂടായിരുന്നോ? -സതീശൻ ചോദിച്ചു.

കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ്- ലീഗ് ബന്ധത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ചില കാര്യങ്ങളില്‍ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോണ്‍ഗ്രസും എടുക്കാറില്ല -സതീശൻ വ്യക്തമാക്കി.