രാത്രിയിൽ നഗ്നന മനുഷ്യന്റെ കറക്കം സമീപ വാസികളുടെ ഉറക്കം കെടുത്തുന്നു
കടലുണ്ടി: സാമൂഹികവിരുദ്ധ ശല്യം പതിവായ കടലുണ്ടി വാക്കടവ് മേഖലയിൽ പുതുതായി നഗ്ന മനുഷ്യനും! 29ന് പുലർച്ച മൂന്നരയോടടുത്ത സമയത്താണ് പരിസരത്തെ പല വീടുകളിലും സ്ഥാപിക്കപ്പെട്ട സി.സി.ടി.വി കാമറകളിൽ പൂർണനഗ്നനായ അപരിചിതൻ പതിഞ്ഞത്. വാക്കടവ്-റെയിൽവേ ഗേറ്റ് റോഡിലൂടെ നടക്കുകയാണിയാൾ.പ്രദേശത്തോ പരിസരങ്ങളിലോ ഉള്ളയാളല്ല. കൈകളിൽ സാധനസാമഗ്രികളൊന്നുമില്ല.
മറ്റാരുടെയും സാന്നിധ്യവും കാമറകളിൽ ഇല്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തണമെന്ന് വാക്കടവ് റസിഡൻറ്സ് അസോസിയേഷൻ ഫറോക്ക് പൊലീസിൽ പരാതി നൽകി.
മേഖലയിൽ കടൽത്തീരം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘവും പുറംനാട്ടുകാരും ശല്യമായി മാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടു മാസം മുമ്പ് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.