ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്‌ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഇടപഴകിയവരും വളരെ ശ്രദ്ധിക്കേണ്ടതാണ്. മന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ മൂന്ന് ലെയറുകളുള്ള കോട്ടണ്‍ മാസ്‌കോ എന്‍-95 മാസ്‌കോ ഉപയോഗിക്കണം.