ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് 14 ന് തിരൂരിൽ

തിരൂർ: സ്നേഹതീരം വോളന്റിയർ വിങ്, ബ്ലഡ് ഡൊണേഴ്‌സ് കേരളയുമായി സഹകരിച്ച്‌ നടത്തുന്ന മലപ്പുറം ജില്ലാ തല പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് 14 ന് തിരൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ എട്ടു വർഷങ്ങളായി മലപ്പുറം ജില്ലയിൽ തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ – സംഘടനയാണ് സ്നേഹതീരം വോളണ്ടിയർ വിങ്. സർക്കാർ സർക്കാരിതര സ്ഥാപനങ്ങളുടെയും, ഭിന്നശേഷി സംഘടനകളുടെയും, പാലിയേറ്റീവ് കെയർ സംവിധാനങ്ങളുടെയും ചാരിറ്റി പ്രോഗ്രാമുകൾക്ക് വോളണ്ടിയറിങ് പ്രവർത്തനം നടത്തുക എന്നതാണ് സ്നേഹതീരം വോളണ്ടിയർ വിങ് നടത്തിക്കൊണ്ടിരിക്കുന്നത്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്നേഹതീരം – പാലിയേറ്റീവ് കെയർ അടിസ്ഥാനമാക്കിയാണ് വോളണ്ടിയർമാർക്ക് പരിശീലനം നൽകുന്നത്.

കോവിഡ് നെഗറ്റീവ് ആയ ആളുകളുടെ രക്തദാനത്തിലൂടെ ലഭിക്കുന്ന പ്ലാസ്മ, കോവിഡ് മൂലം ഗുരുതരാവസ്ഥയിൽ ഉള്ള   രോഗികൾക്ക് പ്ലാസ്മ തെറാപ്പി വഴി നൽകുന്നതിലൂടെ അവരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നു. നിലവിൽ പ്ലാസ്മ ലഭ്യത കുറഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹായത്തോടുകൂടിയാണ് ഫെബ്രുവരി 14 ന് തിരൂരിൽ വച്ച് പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോവിഡ് ബാധിതനായ വ്യക്തി നെഗറ്റീവായി മൂന്ന്‌ മാസത്തിനുള്ളിൽ, ആ വ്യക്തി നടത്തുന്ന രക്തദാനം വഴിയാണ് പ്ലാസ്മ സ്വീകരിക്കുന്നത്. (കോവിഡ് നെഗറ്റീവ് ആയ വ്യക്തിയുടെ രക്തദാനം തന്നെയാണ് പ്ലാസ്മ ഡൊണേഷൻ. പിന്നീട് രക്തത്തിൽ നിന്ന് ബ്ലഡ് ബാങ്കിൽ വെച്ചു പ്ലാസ്മ വേർത്തിരിച്ചെടുക്കുന്നു)

സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കരണ ക്യാമ്പയിൻ വഴിയാണ് ക്യാമ്പിലേക്കുള്ള ഡോണർമാരെ കണ്ടെത്തുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഓരോ ഡോണർമാർക്കും പ്രത്യേക സമയം നൽകിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്ന ഡോണർമാർക്ക് സർട്ടിഫിക്കറ്റും മൊമെന്റോയും വിതരണം ചെയ്യുന്നതാണ്.


കോവിഡ് നെഗറ്റീവ് ആയിട്ടുള്ള 3 മാസം കഴിയാത്ത എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 8086 346 346 | 9544 488 304 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

വാർത്താ സമ്മേളനത്തിൽ സുധീഷ് നായത്ത്
(ചെയർമാൻ – സ്നേഹതീരം വോളന്റിയർ വിങ്), നാസർ സി.പി
(കോർഡിനേറ്റർ – സ്നേഹതീരം ),ഷബീറലി റിഥം മീഡിയ
(പ്രോഗ്രാം കോർഡിനേറ്റർ), സുഹൈൽ
(കോർഡിനേറ്റർ – ബ്ലഡ് ഡൊണേഴ്‌സ് കേരള),അനസ്
(വോളന്റിയർ ലീഡ്) എന്നിവർ പങ്കെടുത്തു.