കോവിഡ് 19: ചികിത്സയ്ക്കും പരിശോധനയ്ക്കും ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാഭരണകൂടം സജ്ജമാണെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. പുതിയ സാഹചര്യം നേരിടാന്‍ ജില്ലയില്‍ ഭൗതിക സാഹചര്യങ്ങള്‍ സുസജ്ജമാണെന്ന് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കോവിഡ് വാരിയര്‍ എം.ജി രാജമാണിക്യവും വ്യക്തമാക്കി.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിനായി ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിലവിലെ സാഹചര്യവും മുന്നൊരുക്കവും വിലയിരുത്തിയത്. കോവിഡ് വാരിയര്‍ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലുണ്ടായിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ സെന്ററുകള്‍ പുനസ്ഥാപിക്കും. മൂന്ന് സി.എഫ്.എല്‍.ടി.സികള്‍ ഇതിനകം തന്നെ സജ്ജാമാക്കി കഴിഞ്ഞു.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും. ഇതിനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്നും മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉപജീവനത്തെ ബാധിക്കുന്ന വിധത്തില്‍ പൂര്‍ണമായ അടച്ചിടലുകള്‍ ഉണ്ടാവില്ല. അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.