പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13 ലക്ഷം രൂപ കവർന്നു.

ആലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ 13 ലക്ഷത്തിന്‍റെ കവർച്ച. കലവൂരിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണം തട്ടിയത്. ആലപ്പുഴയിലെ കലവൂരിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പമ്പിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 13 ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാനായി ഉടമ പ്രേമാനന്ദൻ ജീവനക്കാരന് കൈമാറി.

ജീവനക്കാരൻ തൊട്ടടുത്ത് തന്നെയുള്ള ബാങ്കിലേക്ക് സൈക്കിളിൽ പോകവേയാണ് ഒന്നര കിലോമീറ്റർ അകലെ കാത്തുനിന്ന രണ്ടംഗ സംഘം ജീവനക്കാരനെ തടഞ്ഞ് പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ടത്. പമ്പിലെ ദിവസ വരുമാനം സമാനരീതിയിൽ എല്ലാ ദിവസവും ബാങ്കിൽ നിക്ഷേപിക്കാനായി കൊടുത്തയക്കാറുണ്ട്. കുറച്ചധികം ദിവസത്തെ കളക്ഷൻ ഒരുമിച്ചാണ് ഇന്നലെ നൽകിയത്.

പണം കൊണ്ടു പോകുന്നത് പ്രതികൾ മുൻകൂട്ടി മനസ്സിലാക്കി കവർച്ച ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. റോഡിലെ ആളൊഴിഞ്ഞ സ്ഥലമാണ് കവർച്ചയ്ക്ക് തെരഞ്ഞെടുത്തത്. ബൈക്കിലെത്തിയ യുവാക്കൾ തിരിച്ചറിയാതിരിക്കാനായി മാസ്ക്കും ഹെൽമറ്റും ഓവർകോട്ടും ധരിച്ചിരുന്നു. പമ്പുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ യാത്ര ചെയ്തിരിക്കാൻ ഇടയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.