രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് പോലീസ് മർദനം: എസ് ഐയെ സ്ഥലംമാറ്റി

വിവരം സി പി എം ജില്ലാ നേതൃത്വം അറിയുകയും ജില്ലാ പോലീസ് മേധാവിയെ ധരിപ്പിക്കുകയും ചെയ്തു. ഉടനെ എസ് ഐയെ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയുമായിരുന്നു.

കൊണ്ടോട്ടി: ഇടത് നേതാക്കളെ എസ് ഐ മർദിച്ചതിന് തുടർന്ന് എസ് ഐയെ സ്ഥലം മാറ്റി. കൊണ്ടോട്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗമായ എ പി സുകുമാരൻ പോലീസ് സ്റ്റേഷന് സമീപമുള്ള തന്റെ വാടക മുറിയിൽ നിന്ന് രാവിലെ ചായ കഴിക്കാൻ പുറത്തിറങ്ങിയതായിരുന്നു.

ഈ സമയം കൊണ്ടോട്ടി എസ് ഐ റമിൻ രാജും ആംഡ് പോലീസ് കോൺസ്റ്റബിൾമാരും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. രണ്ട് മാസക് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് സുകുമാരനെ അസഭ്യം പറയുകയും 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ പക്കൽ ഇപ്പോൾ പണമില്ലെന്നും പിന്നീട് അടക്കാമെന്നും സുകുമാരൻ പറഞ്ഞെങ്കിലും പോലീസ് മർദിക്കുകയായിരുന്നുവത്രെ.

വിവരമറിഞ്ഞ് സി പി എം ഏരിയ കമ്മിറ്റി അംഗം പി അബ്ദുൽ റഹ്മാനും നെടിയിരുപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗം കെ ടി അബ്ദുൻറഹ്മാൻ എന്നഅബ്ദുവും സ്റ്റേഷനിലെത്തി എസ് ഐയോട് കാര്യങ്ങൾ പറഞ്ഞു. നീ ആരടാ എന്ന് ചോദിച്ച് അബ്ദുൽ റഹ്മാന് നേരെ അസഭ്യവർഷം ചൊരിയുകയും അബ്ദുവിന്റെ മുഖത്തടിക്കുകയും ചെയ്തു. മൂന്ന് പേരെയും സ്റ്റേഷനിലേക്ക് വലിച്ചിഴക്കുന്നതിനിടെ സുകുമാരനെ സ്റ്റേഷന്റെ പടവിൽ നിന്ന്  തുടക്ക് തള്ളിയിടുകയും ചെയ്തിട്ടുണ്ട്.

വിവരം സി പി എം ജില്ലാ നേതൃത്വം അറിയുകയും ജില്ലാ പോലീസ് മേധാവിയെ ധരിപ്പിക്കുകയും ചെയ്തു. ഉടനെ എസ് ഐയെ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയുമായിരുന്നു. അതിനിടെ സുകുമാരനും പി അബ്ദുൽറഹ്മാനും അബ്ദുവും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.