കെ എസ് ഇ ബിയിലെ കോണ്‍ഗ്രസ് സംഘടനകള്‍ ഒന്നാകണമെന്ന ആവശ്യം ശക്തം

മലപ്പുറം : ഭിന്നിച്ചു നില്‍ക്കുന്ന കെ എസ് ഇ ബി യിലെ കോണ്‍ഗ്രസ് വലതുപക്ഷ സംഘടനകള്‍ ലയിച്ച് ഒന്നാകണമെന്ന ആവശ്യം ശക്തമാവുന്നു. വൈദ്യുതി ബോര്‍ഡില്‍ താഴെ തട്ടു മുതല്‍ സബ് എഞ്ചിനിയര്‍ വരെ ഉള്‍പ്പെടുന്നതാണ് തൊഴിലാളി സംഘടനകള്‍. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ രണ്ടോ മൂന്നോ ഐ എന്‍ ടി യു സി യൂണിയനുകള്‍ ഉണ്ടെന്നുള്ളതിനാല്‍ പലപ്പോഴും കോണ്‍ഗ്രസ് സംഘടനകള്‍ക്ക് മതിയായ പ്രാതിനിധ്യവും ലഭിക്കാതെ വരുന്നു. കൂടുതല്‍ ആള്‍ബലമുള്ള യൂണിയനുകള്‍ക്ക് പ്രമുഖരായ നേതാക്കള്‍ തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. കെ മുരളീധരന്‍ എം പി രക്ഷാധികാരിയും കെ പി ധനപാലന്‍ പ്രസിഡന്റും ആയിട്ടുള്ള ഒരു വിഭാഗം. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നേതൃത്വം കൊടുക്കുന്ന മറ്റൊരു വിഭാഗം. ഇതോടെ കെ എസ് ഇ ബി യില്‍ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ നേടാന്‍ കഴിയാതെ പോകുന്നുവെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

രണ്ടു യൂണിയനുകളും ഒന്നായി പ്രവര്‍ത്തിച്ചാല്‍ കെ എസ് ഇ ബിയില്‍ കോണ്‍ഗ്രസ് സംഘടന തഴച്ചു വളരുകയും ചെയ്യും. അസിസ്റ്റന്റ് എഞ്ചിനിയര്‍ മുതല്‍ ചീഫ് എഞ്ചിനിയര്‍ വരെയുള്ളതാണ് ഓഫീസര്‍മാരുടെ സംഘടന. അവിടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടു ചേരിയിലാണ്. വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് എന്ന സംഘടനയും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും പ്രവര്‍ത്തിക്കുന്നു. ഇവിടെയും രണ്ടു സംഘടനകളായതിനാല്‍ പ്രവര്‍ത്തനം എങ്ങുമെത്താതെ വരുന്നു. ഇത്തരം കാര്യങ്ങളെകൊണ്ടാണ് കെ എസ് ഇ ബി യില്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലാതെ പോകുന്നത്. ഇതിനെല്ലാം പരിഹാരമാവാന്‍ കെ എസ് ഇ ബി യിലെ കോണ്‍ഗ്രസ് സംഘടനകളെല്ലാം ഒരു കുടക്കീഴില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധ്യമാവു. ഇടതുപക്ഷത്തിനാവട്ടെ സി ഐ ടി യു, എ ഐ ടി യു സി എന്നിവക്കെല്ലാം ഒറ്റ സംഘടനയാണുള്ളത്. ഇതിനാല്‍ തന്നെ ഇടതു സംഘടന കെ എസ് ഇ ബി യില്‍ ശക്തമാണുതാനും.നിലവില്‍ ഐ എന്‍ ടി യു സി ക്ക് 25 ശതമാനം ജീവനക്കാരുടെ അംഗീകാരമുള്ള സംഘടനയാണുള്ളത്. ചരിത്രത്തിലാദ്യമായിട്ടാണ് കഴിഞ്ഞ തവണ ഐ എന്‍ ടി യു സി ക്ക് കെ എസ് ഇ ബി യില്‍ അംഗീകാരവും ലഭിച്ചത്. ഹിതപരിശോധനയില്‍ (റഫറണ്ടം) വിവിധ ഐ എന്‍ ടി യു സി യൂണിയനുകള്‍ ഒന്നിച്ചു നിന്നതുകൊണ്ടുമാത്രമായിരുന്നു ഇത്. കെ എസ് ഇ ബി യിലെ കോണ്‍ഗ്രസ് സംഘടനകള്‍ ഒന്നാകണമെന്ന ശക്തമായ ആവശ്യം ഉയരുന്നതും ഇതുകൊണ്ട് തന്നെയാണ്.