അൽഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി ആരോഗ്യവകുപ്പ് അടച്ചുപൂട്ടി

അമ്പലവയൽ: വയനാട് അമ്പലവയലിൽ പ്രവർത്തിക്കുന്ന ഫേമസ് ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി താത്ക്കാലികമായി അടച്ചു പൂട്ടി.  കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവരാണ് പരാതിയുമായി രംഗത്തെത്തിയത്.

വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകളുണ്ടായത്. ഫുഡ് ആന്റ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ബേക്കറിയിലെത്തി പരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് സാന്പിൾ പരിശോധന റിപ്പോർട്ട് വന്നതിന് ശേഷമേ മനസ്സിലാകുയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ബുധനാഴ്ച ബേക്കറിയില്‍നിന്ന് അല്‍ഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടില്‍ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകള്‍ ഷഹന ഷെറിന്‍ എന്നിവര്‍ ഇപ്പോഴും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.