വേങ്ങരയില്‍ വന്‍ ലഹരി വേട്ട, രണ്ട് പേര്‍ പിടിയിൽ

വേങ്ങര: മലപ്പുറം വേങ്ങരയില്‍ വന്‍ ലഹരിമരുന്നു വേട്ട. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.

വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലുള്ള ക്രിസ്റ്റല്‍ എംഡിഎംഎ യാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്നും ഇതിനായി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വേങ്ങരയില്‍ നിന്നും വീണ്ടും മാരക ലഹരി മരുന്ന് പിടികൂടുന്നത്. 21 വയസില്‍ താഴെയുള്ള രണ്ടായിരത്തോളം പേരാണ് രണ്ടു വര്‍ഷത്തിനിടെ മയക്കുമരുന്നുമായി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ 802 കേസുകളിലായി ഇരുപത്തിയൊന്ന് വയസില്‍ താഴെയുള്ള 917 പേരും 2021ല്‍ 560 കേസുകളിലായി 605 പേരും മയക്കുമരുന്ന് കടത്തിന് എക്‌സൈസിന്റെ പിടിയിലായി. 2022 മാര്‍ച്ച് വരെ മാത്രം 188 കേസുകളില്‍ 196 പേരും പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.