ഇബ്രാഹിംകുട്ടി ലീഗിലാണെങ്കിലും, മകന്‍ സിപിഎം സഹയാത്രികനാണ്; അന്വേഷണം സിപിഎമ്മിലേക്കെത്തുമെന്ന് അവര്‍ ഭയപ്പെടുന്നു; മുസ്ലീംലീഗ്

കൊച്ചി: തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി മുസ്ലീം ലീഗ്. സ്വര്‍ണ്ണക്കടത്തുമായി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ലീഗ് അവകാശപ്പെട്ടു. ‘ വിഷയത്തില്‍ യുഡിഎഫിനോ മുസ്ലീം ലീഗിനോ ബന്ധമില്ല. കസ്റ്റംസ് ഹാജരാകാന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കൂട്ടി ഹാജരായത്. അദ്ദേഹത്തിന് ഒളിച്ചു വക്കാന്‍ ഒന്നുമില്ല. അതുകൊണ്ടാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.

യഥാര്‍ത്ഥത്തില്‍ സിപിഎം ബന്ധമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വൈസ് ചെയര്‍മാന്റെ മകന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന്‍ സിപിഎം സഹയാത്രികനാണ്. അന്വേഷണം സിപിഎമ്മിലേക്ക് എത്തുമെന്നാണ് അവര്‍ ഭയപ്പെടുന്നത്. എല്‍ഡിഎഫ് ഇപ്പോള്‍ നടത്തുന്ന സമരം വ്യക്തിഹത്യ നടത്തുന്നതിന് വേണ്ടിയാണ്. ഒരു അന്വേഷണത്തിനും എതിരല്ല. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം. പാര്‍ട്ടി തലത്തിലും അന്വേഷണം നടത്തി നടപടി എടുക്കുമെന്നും ലീഗ് വ്യക്തമാക്കി.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ സംഭവത്തില്‍ വൈസ് ചെയര്‍മാന്റെ മകനടക്കം രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനേയും സിനിമാ നിര്‍മ്മാതാവ് കെ.പി.സിറാജ്ജുദ്ദീനേയുമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം മകന് വേണ്ടി അഴിമതി നടത്തിയെന്ന് ആരോപണത്തില്‍ ഇബ്രാഹിംകുട്ടിക്കെതിരെ വിജിലന്‍സിനെ സമീപിക്കുമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.