വധശ്രമം, മോഷണം, തട്ടിക്കൊണ്ടുപോകല്‍; 25കാരനെ ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി


മലപ്പുറം: മലപ്പുറം കോഡൂരിലെ 25കാരനെ കാപ്പചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കോഡൂര്‍ സ്വദേശി ആമിയന്‍ ഷംനാദി(35)നെ ഒരു വര്‍ഷത്തേക്കാണ് ജില്ലയില്‍ കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്‍മേലാണ് നടപടി. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വധശ്രമം, മോഷണം,വഞ്ചന , തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പലരേയും നേരത്തെ കാപ്പ ചുമത്തി മലപ്പുറത്തുനിന്നും നാടുകടത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാ നേതാവ് നിലമ്പൂര്‍ മണലോടി സ്വദേശി തേക്കില്‍ ശതാബിനെ(35) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടമാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവായത്. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ വകുപ്പ് 15 പ്രകാരം നേരത്തെ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ പ്രതി കാപ്പാ റിവ്യൂ കമ്മറ്റിയെ സമീപിച്ച് പ്രസ്തുത ഉത്തരവില്‍ ഇളവ് നേടിയിരുന്നു. മറ്റു ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പടരുത്, ജില്ല വിട്ടു പുറത്തു പോകാന്‍ പാടില്ല, ആഴ്ചയിലൊരിക്കല്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെക്കണം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് അന്നു ശതാബിന് ഇളവ് അനുവദിച്ചത്.


എന്നാല്‍ പിന്നീട് ഉപാധികള്‍ ലംഘിച്ച് പ്രതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ പാട്ടുത്സവത്തോടനുബന്ധിച്ച് രാത്രി 12.00 മണിയോടെ ഇരു സംഘങ്ങള്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് ചികിത്സ തേടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിയ ഗുണ്ടാസംഘങ്ങള്‍ അവിടെ വെച്ചും പരസ്പരം പോര്‍ വിളി നടത്തി ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ അടക്കം കൈക്കലാക്കി ഏറ്റുമുട്ടുകയും ചെയ്തു. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടറുടെ പരാതി പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ശതാബിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സിലും ഇയാള്‍ അറസ്റ്റിലായിരുന്നു. കാപ്പാ നിയമം ലംഘിച്ചതിന് ശതാബിനെതിരെ മറ്റൊരു കേസ്സും നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ശതാബിനെ വിയ്യൂര്‍ ജയിലിലേക്കയച്ചു.