മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വ്യാഴാഴ്ച കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകീട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വൈകീട്ട് സൂഫി സംഗീതജ്ഞരായ വാര്‍സി സഹോദരന്മാരുടെ ഖവാലി നിശ അരങ്ങേറും. പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, സംഗീത സദസ്സുകള്‍, കലാപ്രകടനങ്ങള്‍ എന്നിവക്കും ഫെസ്റ്റിവല്‍ വേദിയാകും. മാപ്പിള, ദലിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദര്‍ശനവും തുടര്‍ചര്‍ച്ചകളും ഫെസ്റ്റിവലില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കനിമൊഴി, എന്‍സെങ് ഹോ, നിഷത് സൈദി, ക്രിസ്റ്റഫെ ജാഫ്രിലോ, ടി.ഡി. രാമകൃഷ്ണന്‍, എസ്. ഹരീഷ്, ഉണ്ണി ആര്‍, ഫ്രാന്‍സിസ് നൊറോണ, പി.എഫ്. മാത്യൂസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, മുഹ്സിന്‍ പരാരി, വിധു വിൻസെന്റ്, വിജയരാജമല്ലിക തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. കടലാണ് മലബാര്‍ ഫെസ്റ്റിവെലിന്‍റെ ഇത്തവണത്തെ പ്രമേയം. കടലുമായി ബന്ധപ്പെട്ട് മാത്രം പത്തോളം സെഷനുകള്‍ എം.എല്‍.എഫിലുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്‌കോ സാഹിത്യ നഗരം പദവിയും മലയാള പ്രസാധനത്തിന്‍റെ 200ാം വാര്‍ഷികവും പ്രധാന വിഷയമായിരിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് കോഴിക്കോട് ചൊവ്വാഴ്ച സമാപിച്ചു. പൈതൃക യാത്ര കുറ്റിച്ചിറ, മുച്ചുന്തി പള്ളി, മിശ്ഖാല്‍ പള്ളി, ഗുജറാത്തി സ്ട്രീറ്റ്, ബോറ മസ്ജിദ്, വലിയങ്ങാടി, മിഠായി തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മലബാര്‍ ചരിത്രാനുഭവങ്ങള്‍ തേടി നടത്തിയ യാത്ര തലശ്ശേരി, കണ്ണൂര്‍, വളപട്ടണം, തളങ്കര, പൊന്നാനി, കൊണ്ടോട്ടി, കൊടുങ്ങല്ലൂര്‍, തിരൂരങ്ങാടി നഗരങ്ങളിലും നടന്നു.