Main Banner

തിരൂർ സ്റ്റേഡിയത്തിന്റെ നവീകരണം ദ്രുതഗതിയിൽ പൂർത്തീകരിക്കും: മന്ത്രി ഒ.ജെ. ജനീഷ്

തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് സംസ്ഥാന കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും സമഗ്രവികസന പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ തുക ബജറ്റില്‍ നിന്നും കണ്ടെത്തും. സി.എസ്.ആര്‍ ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തും. സ്റ്റേഡിയത്തിൽ ഓപ്പൺ ജിം നിർമ്മിക്കുന്നതിന് കായിക വകുപ്പ് ഫണ്ട് അനുവദിക്കും. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ സ്റ്റേഡിയത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി ഉപയോഗപ്പെടുത്താനും മന്ത്രി നിർദ്ദേശിച്ചു.
സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍, വൈസ് ചെയര്‍പേഴ്സണ്‍ സിന്ധു മംഗലശ്ശേരി, സ്ഥിരം സമിതി അധ്യക്ഷരായ യാസര്‍ പൊട്ടച്ചോല, ടി.ഇ അബൂബക്കര്‍, സൈബുന്നീസ നെടിയില്‍, അന്‍വര്‍ പാറയില്‍, വഹീദ ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി റജുല, നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം.വി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരൂർ നഗരസഭ 1.05 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്. തിരൂര്‍ നഗരസഭയുടെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ സമഗ്ര വികസനത്തിനായി വിപുലമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പം കുറയാതെ തന്നെ, ട്രാക്ക് ഔട്ടർ ലൈനിലേക്ക് മാറ്റി ആറ് വരി ട്രാക്ക് എട്ട് വരി സിന്തറ്റിക് ട്രാക്കായി ഉയർത്തും. ഇതിനായി അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. നിലവിലെ താൽക്കാലിക ഗാലറിക്ക് പകരം ഔട്ടറിൽ സ്ഥിരം സംവിധാനത്തോടെ പുതിയ ഗാലറി നിർമ്മിക്കും. ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ അപര്യാപ്തത പരിഹരിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകും. പതിനൊന്ന് ഏക്കറോളം വരുന്ന സ്റ്റേഡിയത്തില്‍ 15,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറി, കായിക താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം, മെഡിക്കൽ സംവിധാനങ്ങൾ, സ്പോർട്സ് എക്യുപ്മെന്റ് ഷോപ്പ്, കോഫി ഷോപ്പ്, പാർക്ക് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. കൂടാതെ 60 ലക്ഷം രൂപ വകയിരുത്തി സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.

 

2nd paragraph