വരുന്നു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ തലത്തില്‍ ജനകീയ കൂട്ടായ്മ

മലപ്പുറം: സംസ്ഥാനത്തെ ലഹരിവ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ ‘100 ദിന കര്‍മ്മപദ്ധതിയും’ ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ 2.0’യും സംയോജിപ്പിച്ചാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശതലത്തില്‍ ഏകോപിപ്പിക്കുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കുക, പ്രാരംഭ ഘട്ടത്തില്‍ ഇടപെടല്‍ ഉറപ്പാക്കുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ, കൗണ്‍സലിംഗ്, പുനരധിവാസം എന്നിവ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകളിലേക്കും വീടുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുകളിലെയും ജനജാഗ്രതാ സമിതികള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ഓരോ വാര്‍ഡില്‍ നിന്നും കുറഞ്ഞത് രണ്ട് ‘തണ്ടര്‍ വോളണ്ടിയര്‍മാരെയും’ പത്ത് ‘തൂഫാന്‍ വാരിയേഴ്‌സിനെയും’ കണ്ടെത്തും. ലഹരി ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ വാര്‍ഡുകളിലും പ്രത്യേക ‘തൂഫാന്‍ ഗ്രാമസഭകള്‍’ സംഘടിപ്പിക്കും. വാര്‍ഡുതല ജനജാഗ്രതാ സമിതിയുടെ ചെയര്‍മാനായി വാര്‍ഡ് മെമ്പര്‍/കൗണ്‍സിലറും കണ്‍വീനറായി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ സീനിയര്‍ അധ്യാപകനുമാകും.
എക്‌സൈസ്, പൊലീസ്, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും സമിതിയില്‍ പങ്കാളികളാകും. തദ്ദേശ സ്ഥാപനതല സമിതിയുടെ ചെയര്‍പേഴ്‌സണായി പ്രസിഡന്റ്/ചെയര്‍പേഴ്‌സണ്‍/മേയറും കണ്‍വീനറായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയും പ്രവര്‍ത്തിക്കും.

ലഹരി വില്‍പ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പൊലീസിനെയും എക്‌സൈസിനെയും അറിയിക്കുന്നതിനായി ടോള്‍ഫ്രീ നമ്പറുകള്‍, വാട്‌സ്ആപ്പ് ഹെല്‍പ്പ്ലൈന്‍, ക്യുആര്‍ കോഡുകള്‍ എന്നിവ വ്യാപകമാക്കും. കുടുംബശ്രീ ഹരിതകര്‍മസേന ശൃംഖലയുടെ സഹായത്തോടെ ലഹരി വ്യാപന സാധ്യതയുള്ള പ്രദേശങ്ങളും വിജനമായ സ്ഥലങ്ങളും കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം കൈമാറും. ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി എക്‌സൈസിന്റെ ‘വിമുക്തി’ ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതിനൊപ്പം ചികിത്സ, കൗണ്‍സലിംഗ്, പുനരധിവാസം, ആഫ്റ്റര്‍ കെയര്‍ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തും. ലഹരിയില്‍ നിന്ന് മുക്തരായവര്‍ വീണ്ടും ലഹരിയിലേക്ക് തിരിച്ചുപോകുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളും ശക്തമാക്കും. പ്രവര്‍ത്തനങ്ങളിലുടനീളം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ജന ജാഗ്രതാ സമിതികള്‍ മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും യോഗം ചേരണം. മുന്‍ തീരുമാനങ്ങളുടെ പുരോഗതി ‘ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട്’ ആയി ആദ്യ അജണ്ടയില്‍ വിലയിരുത്തണം. ആകെ അംഗങ്ങളുടെ കുറഞ്ഞത് 30 ശതമാനം പേര്‍ യോഗത്തില്‍ പങ്കെടുക്കണം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി, എക്‌സൈസ്, പൊലീസ് പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യവും ഉറപ്പാക്കണം. പദ്ധതിയുടെ ഭാഗമായി ആദ്യ മൂന്ന് മാസങ്ങളില്‍ പ്രത്യേക ഗ്രാമസഭകള്‍, കാമ്പസ് ബോധവല്‍ക്കരണം, പ്രാദേശിക ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തല്‍ എന്നിവ നടത്തും. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ്, ലഹരിവിരുദ്ധ കായികമേളകള്‍, കലാമത്സരങ്ങള്‍, മെഡിക്കല്‍ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍, തൊഴിലിടങ്ങളിലെ ബോധവല്‍ക്കരണം, കുടുംബശ്രീ ഗൃഹസന്ദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. മികച്ച വാര്‍ഡുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും സംസ്ഥാനതല പുരസ്‌കാരം നല്‍കാനും പദ്ധതിയുണ്ട്. സെപ്റ്റംബര്‍ 30നകം എല്ലാ വാര്‍ഡ് തല സമിതികളും യോഗം ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കലണ്ടര്‍ തയ്യാറാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ്, എക്‌സൈസ് മേധാവികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരുമായി ചേര്‍ന്ന് അടിയന്തര ഏകോപന യോഗങ്ങള്‍ വിളിക്കണമെന്നും സമിതി അംഗങ്ങള്‍ക്ക് പ്രത്യേക ഇന്‍ഫര്‍മേറ്റീവ് മോഡ്യൂള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ”ലഹരിമുക്ത കുടുംബം ലഹരിമുക്ത വിദ്യാലയം ലഹരിമുക്ത വാര്‍ഡ് ലഹരിമുക്ത കേരളം” എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
