തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം 28 ന് വേങ്ങരയിൽ

മലപ്പുറം: തൂഫാന്‍ ജന ജാഗ്രത സമിതി സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് മലപ്പുറം വേങ്ങര മലബാര്‍ കോളേജ് ഗ്രൗണ്ടില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി നാരായണ്‍ ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൂഫാന്‍ ഔദ്യോഗിക പതാകയും മന്ത്രി ഉയര്‍ത്തും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സ്വാഗതം പറയും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനാവും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍ പദ്ധതി വിശദീകരിക്കും. തൂഫാന്‍ പദ്ധതി രണ്ടാം ഘട്ട പ്രഖ്യാപനവും ”ഞാന്‍ എന്റെ നാടിന്റെ കാവലാള്‍” പദ്ധതിയുടെ പ്രഖ്യാപനവും, തൂഫാന്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും വേങ്ങരയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരെ ‘തൂഫാന്‍ വാരിയര്‍’ ഔദ്യോഗിക ബാഡ്ജ് ധരിപ്പിക്കലും ആഭ്യന്തര വകുപ്പ് മന്ത്രി, രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. പരിപാടിയില്‍ റവന്യു വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍, പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, എം.പി മാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി,ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, ഉത്തരമേഖല ഐ.ജി പുട്ട വിമലാദിത്യ, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. നാരായണന്‍. ടി, മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, തൂഫാന്‍ നോഡല്‍ ഓഫീസര്‍, തദ്ദേശ വകുപ്പ് സെക്രട്ടറി, മറ്റു ജനപ്രതിനിധികള്‍, എന്നിവരും പങ്കെടുക്കും.
ഈ പരിപായടിയോാടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളിലും അതാത് പ്രസിഡന്റുമാരും, ചെയര്‍പേഴ്‌സണ്‍മാരും അതാത് ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ‘തൂഫാന്‍ പതാക’ ഉയര്‍ത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ തദ്ദേശ സ്ഥാപന മേധാവിമാര്‍ക്കും വാര്‍ഡ് അംഗങ്ങള്‍ക്കും തൂഫാന്‍ വാരിയര്‍ ബാഡ്ജുകള്‍ ധരിപ്പിക്കും.

തൂഫാന്‍ പദ്ധതി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഫലപ്രദമായി നടത്തുന്നതിനു പുറമേ ലഹരിയുടെ വേരറുക്കുന്നതിന് തൂഫാന്റെ ജാഗ്രത താഴെ തട്ടിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗര സഭകളിലേക്കും പഞ്ചായത്തുകളിലേക്കും, വാര്‍ഡുകളിലേക്കും ഗ്രാമ സഭകളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിനു വേണ്ടിയാണ് രണ്ടാം ഘട്ടത്തില്‍ തൂഫാന്‍ തദ്ദേശം; വാര്‍ഡ് തല ജന ജാഗ്രത സമിതി രൂപീകരിക്കുന്നത്. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, മത സാമൂഹ്യ നേതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം ജാഗ്രതാ സമിതിയുടെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തൂഫാന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും, മാതാ പിതാക്കള്‍, അദ്ധ്യാപകര്‍ എന്നിവരോടു ചേര്‍ന്ന് കുടുംബങ്ങളിലും വിദ്യാലയങ്ങളിലും കുട്ടികളെ ചേര്‍ത്തു പിടിച്ച് മയക്കു മരുന്ന് എന്ന മഹാ വിപത്തില്‍ നിന്നും കുട്ടികളെയും പൊതു സമൂഹത്തേയും പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുന്നതിന് സാദ്ധ്യമായ എല്ലാ വഴികളും ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണും പങ്കെടുത്തു.
