രണ്ടാം തവണയും അഭിമാന നേട്ടം കൈവരിച്ച് തുഞ്ചൻ കോളേജ് ; സംസ്ഥാനത്തെ മികച്ച നൂറ് കോളേജുകളിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക സർക്കാർ കോളേജ്

തിരൂര്‍: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിന്റെ (കെ.ഐ.ആര്‍.എഫ്) 2025-ലെ റാങ്കിങ്ങില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിന് മികച്ച നേട്ടം. ഈ വര്‍ഷത്തെ റാങ്കിങ് പ്രകാരം കോളേജിന് സംസ്ഥാനതലത്തില്‍ 64-ാം സ്ഥാനവും മലപ്പുറം ജില്ലാ തലത്തില്‍ ആറാം സ്ഥാനവും ലഭിച്ചു. കൂടാതെ ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഒന്നാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും തുഞ്ചന്‍ കോളേജ് കരസ്ഥമാക്കി.

ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഒന്നാം സ്ഥാനം നേടുന്നത് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. കെ.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ആദ്യ നൂറില്‍ സ്ഥാനം പിടിച്ച മലപ്പുറം ജില്ലയിലെ ഏക സര്‍ക്കാര്‍ കോളേജും ടി.എം.ജി. യാണ്.
ദേശീയ റാങ്കിങ് ആയ എന്‍.ഐ.ആര്‍.എഫ് മാതൃകയില്‍ പഠനനിലവാരം, ഭൗതിക സാഹചര്യങ്ങള്‍, ഗവേഷണ മികവ് തുടങ്ങിയ വിവിധ സൂചികകള്‍ അടിസ്ഥാനമാക്കിയാണ് കെ.ഐ.ആര്‍.എഫ് റാങ്കിങ് നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠമായി റാങ്ക് ചെയ്യുന്ന ഈ പരിശോധനയിലാണ് കോളേജ് ഈ ഉന്നതവിജയം നേടിയതെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.അജിത്ത് എം.എസ് പറഞ്ഞു.

കെ.ഐ.ആര്‍.എഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.പി. ജല്‍സിയ, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. അബ്ദുള്‍ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘ വിദ്യാർത്ഥി സംഘമാണ് കോളേജിന്റെ ഈ മികച്ച നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
