ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവതി മരിച്ചു.
കണിച്ചുകുളങ്ങര: ദേശീയപാതയിൽ ചേർത്തല തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്.
കാറിൽ യാത്രചെയ്യുകയായിരുന്ന അനന്തുവിനും (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവർക്കും പരിക്കേറ്റു. ചേർത്തല സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്കുമാറ്റി.
ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും ചേർത്തല ഭാഗത്തുനിന്ന് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് പോലീസ് പറയുന്നു.
ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.