അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒമ്ബത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ പരുണിക സിസോഡിയ, വൈഷ്ണവി ശര്‍മ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.

29 പന്തില്‍ 35 റണ്‍സ് നേടിയ ഗൊങ്കടി തൃഷയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കമാലിനി (50 പന്തില്‍ 56), സനിക ചല്‍കെ (11) പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കമാലിനി – തൃഷ സഖ്യം 60 റണ്‍സ് ചേര്‍ത്തു. ഒമ്ബതാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തൃഷയെ ഫോബെ ബ്രറ്റ് ബൗള്‍ഡാക്കുകയായിരുന്നു. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നീട് വിക്കറ്റൊന്നും ഇന്ത്യ വിട്ടുകൊടുത്തില്ല. കമാലിനി – സനിക സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കമാലിനി എട്ട് ബൗണ്ടറികള്‍ നേടി.

നേരത്തെ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ തന്നെ രണ്ട് വിക്കറ്റ് അവര്‍ക്ക് നഷ്ടമാായി. ജമീമ സ്‌പെന്‍സ് (9), ട്രുഡി ജോണ്‍സണ്‍ (0) എന്നിവര്‍ക്ക് തിലങ്ങാന്‍ സാധിച്ചില്ല. പിന്നീട് ഡാവിന പെറിന്‍ (45) – അബി നോര്‍ഗ്രൂവ് (30) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പെറിന്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. വൈകാതെ നോര്‍ഗ്രൂവ് മടങ്ങി. തുടര്‍ന്നെത്തിയവരില്‍ അമൃത സുരേന്‍കുമാറിന് (പുറത്താവാതെ 14) മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ചാര്‍ളോട്ട് സ്റ്റബ്‌സ് (4), കാറ്റി ജോണ്‍സ് (0), പ്രിഷ തനവാല (2), ചാര്‍ളോട്ട് ലാംബെര്‍ട്ട് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടില്ലി കോര്‍ട്ടീന്‍ (7), അമൃതയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.