തുലാവർഷം ബുധനാഴ്ച കേരളത്തിലെത്തും.

തിരുവനന്തപുരം:തുലാവർഷം (വടക്കുകിഴക്കൻ കാലവർഷം) ബുധനാഴ്ച കേരളത്തിലെത്തും. അന്തരീക്ഷച്ചുഴികളുടെ ഫലമായി ചൊവ്വാഴ്ചമുതൽ ചില സ്ഥലങ്ങളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒക്ടോബർ 15-നുശേഷമാണ് തുലാവർഷം തുടങ്ങാറ്. ഇത്തവണ എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) പിൻവാങ്ങാൻ വൈകിയത് തുലാവർഷത്തെയും വൈകിച്ചു. 28-ന് എടവപ്പാതി പിൻവാങ്ങുന്നതിനൊപ്പം അന്നുതന്നെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കർണാടകം, കേരളം എന്നിവിടങ്ങളിൽ തുലാവർഷവും എത്തും.27-ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 28-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 29-ന് എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.