കടുവയെ പിടികൂടാനുള്ള ശ്രമം  വനംവകുപ്പ് ഊർജിതമാക്കി.

വയനാട്ടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും 

പുൽപള്ളി: ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തുകയും  റെയ്‌ഞ്ചറെ ആക്രമിക്കുകയും ചെയ്‌ത കടുവയെ പിടികൂടാനുള്ള ശ്രമം  വനംവകുപ്പ് ഊർജിതമാക്കി. കർണാടക അതിർത്തി പ്രദേശങ്ങളായ  കൊളവള്ളി, പാറക്കവല, സീതാമൗണ്ട്‌ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ്‌ തെരച്ചിൽ നടത്തുന്നത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ്‌ പാറക്കവല ഇളയച്ഛനായിൽ ജോസിന്റെ വീടിന്റെ പരിസരത്തുനിന്നും വനപാലക സംഘം  നാലു ഗ്രുപ്പുകളായി തിരിഞ്ഞ്‌ പരിശോധന നടത്തുന്നത്. കടുവയെ കണ്ടെത്തുന്നതിന് ഡ്രോണിന്റെ സഹായവും ഒരുക്കിയിട്ടുണ്ട്

ആവശ്യമെങ്കിൽ മയക്കുവെടിവെക്കാൻ വനം വകുപ്പ് വെറ്റിനറി ഡോക്ടർ ലക്ഷ്മി റായിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്‌ച കടുവയെ തിരയാൻ ഇറങ്ങിയ ചെതലയം ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ടി ശശികുമാറിനെ പാറക്കവലയിലെ വീട്ടുപരിസരത്തുനിന്ന കടുവ ആക്രമിച്ചിരുന്നു.

അടിയന്തര ശസ്ത്രക്രിയക്ക് വിദേയനായ  ഇദ്ദേഹം ചികിത്സയിലാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ ഉച്ചഭാഷിണിയിലൂടെ ആവശ്യപെട്ടിട്ടുണ്ട്. പാറക്കവലയിലെ ജോസഫ് എന്നയാളുടെ കൃഷിയിടത്തിൽ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തി. 

ഉത്തരമേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാർ, വനംവകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ രാജൻ, കൽപ്പറ്റ ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ കെ ജെ ജോസ്, ബേഗൂർ റേഞ്ച് ഓഫീസർ വി രതീശൻ, മേപ്പാടി റേഞ്ച് ഓഫീസർ സമീർ, വനംവകുപ്പ് റാപിഡ് ഫോഴ്സ് ആക്ഷൻ

 

അധികൃതർ, പുൽപള്ളി സി ഐ കെ പി ബെന്നി, ചെതലയം ഡെപ്യൂട്ടി റേഞ്ചർ വി കെ മണികണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ്‌ തെരച്ചിൽ.  മാമ്പള്ളി കവലയിൽ തിങ്കളാഴ്‌ച പുതുതായി ഒരു കൂട്‌ കൂടി വച്ചിട്ടുണ്ട്‌.