ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത വനിതാ പൊലീസ് ഓഫീസര്‍ക്ക് ആദരം

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും.

കൊച്ചിയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലെ യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കേരള പൊലീസിന്റെ ആദരം. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി. ബിജിക്ക് 2000 രൂപ പാരിതോഷികവും സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രവും ലഭിക്കും.

യാത്രക്കാരുമായി ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.വി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിനാണ് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും എന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.