‘ഒരു ടൺ കഞ്ചാവ്’ ലോറിയിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവേ വാളയാറിൽ പിടികൂടി

നൂറ് കോടി രൂപയോളം വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി.

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു ടൺ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

വാളയാറിൽ എക്സൈസ് സ്പെഷൽ സ്ക്വാഡും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ആയിരം കിലോ കഞ്ചാവ് പിടികൂടിയത്. ചരക്കു ലോറിയുടെ പുറക് വശത്ത് നിർമ്മിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തിൽ മേലാറ്റൂർ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്നും കൊച്ചിയിലേക്ക് കടത്താനായിരുന്നു ശ്രമം. സമീപകാലത്ത് വാളയാറിൽ നടന്ന വലിയ റെയ്ഡാണിത്. നൂറ് കോടി രൂപയോളം വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി.

ഒറ്റനോട്ടത്തിൽ കാലി വണ്ടിയാണെന്ന് തോന്നുമെങ്കിലും, സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

കഞ്ചാവ് കടത്തിന് പിന്നിൽ വൻ മാഫിയ ഉണ്ടെന്ന് എക്സൈസ് വ്യക്തമാക്കി. പ്രതികൾ മുൻപും കഞ്ചാവ് കടത്തിയതായും അന്വേഷണത്തിനായി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡാണിത്. വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന ശക്തമാക്കും.