ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. തട്ടുകടകൾ തുറക്കരുത്. മുഖ്യമന്ത്രി

പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികൾക്കു നിർമാണം നടക്കുന്ന സ്ഥലത്ത് താമസസൗകര്യവും ഭക്ഷണവും കരാറുകാരനോ ഉടമസ്ഥനോ നൽകണം.

തിരുവനന്തപുരം∙ ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം.  വിവാഹം, മരണം, രോഗിയെ സന്ദർശിക്കൽ, രോഗിയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങൾക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു യാത്രയ്ക്കു തടസമില്ല. തിരിച്ചറിയൽ കാർഡും വിവാഹ കത്തും കയ്യിൽ കരുതണം.

എന്നാൽ ജില്ല കടന്നുള്ള യാത്രകൾക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ഇറക്കിയ പാസിന്റെ മാതൃക ഇത്തവണയും ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ കേസെടുക്കും. അന്തർജില്ലാ യാത്ര പരമാവധി ഒഴിവാക്കണം. യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കരുതണം

അത്യാവശ്യ കാര്യങ്ങൾക്കു പുറത്തു പോകുന്നവർ പൊലീസിൽനിന്ന് പാസ് വാങ്ങണം. കേരളത്തിനു പുറത്തുനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.  ലോക്ഡൗൺ സമയത്ത് തട്ടുകടകൾ തുറക്കരുത്. വാഹന വർക്ഷോപ്പ് ആഴ്ചയുടെ അവസാനം 2 ദിവസം തുറക്കാം. ഹാർബറിൽ ആൾക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം.

ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസം പ്രവർത്തിക്കണം. പൾസ് ഓക്സീമീറ്ററുകൾ‌ക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികൾക്കു നിർമാണം നടക്കുന്ന സ്ഥലത്ത് താമസസൗകര്യവും ഭക്ഷണവും കരാറുകാരനോ ഉടമസ്ഥനോ നൽകണം. അല്ലെങ്കിൽ യാത്രാസൗകര്യം ഒരുക്കണം. ചിട്ടിപ്പണം പിരിക്കാൻ വീടുകൾ സന്ദർശിക്കരുത്.

വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാര്‍ഥന നടത്തൽ തുടങ്ങിയ കാര്യങ്ങൾ കൂട്ടമായി ചെയ്യരുത്. അയൽപക്കവുമായി ബന്ധപ്പെടുമ്പോൾ ഇരട്ട മാസ്ക് നിർബന്ധമാക്കണം. അയൽപക്കത്തുനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ സോപ്പിട്ട് കൈ കഴുകണം.

പുറത്തുപോകുന്നവർ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. വായു സഞ്ചാരം ഉറപ്പിക്കാൻ വീടിന്റെ ജനൽ തുറന്നിടണം. ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാൻ ഹൈവേ പൊലീസിനെ ചുമതലപ്പെടുത്തി. വ്യാജ സന്ദേശങ്ങൾ തയാറാക്കുന്നവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.