മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.

സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.

കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ജനറേറ്റര്‍ അല്ലെങ്കില്‍ റിഡന്റ് പവര്‍ സോഴ്‌സുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വൈദ്യുത ബന്ധത്തിന് തകരാര്‍ വരുന്ന മുറയ്ക്ക് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനാവശ്യമായ തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്‌സുകള്‍ തുടങ്ങിയവ മുന്‍കൂട്ടി സജ്ജമാക്കുന്നതിന് വൈദ്യുതി ബോര്‍ഡിനോടും നിര്‍ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് വൈദ്യുതി വകുപ്പും ആരോഗ്യ വകുപ്പും ഉറപ്പുവരുത്തണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.

ഇതിനൊപ്പം ദുരന്തനിവരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകള്‍, മറ്റ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ എന്നിവിടങ്ങളിലും വൈദ്യുത തടസ്സം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമുള്ള കണ്‍ട്രോള്‍ റൂമുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുണ്ടെന്ന് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു.