കൊടകര കുഴല്‍പ്പണ കേസ്; കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ്

കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും പൊലീസും പാര്‍ട്ടിയെ വേട്ടയാടുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജാരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഉള്ള്യേരിയിലെ വീട്ടിലെത്തിയാണ് പൊലീസ് നോട്ടീസ് നല്‍കിയത്.

കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ച്ച നടത്തിയെന്നതാണ് കേസ്. ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച പണമാണെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കുഴല്‍പ്പണമാണെന്നും കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അതേസമയം കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തില്‍ ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതല്‍ ഹാജരാകില്ലെന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിുന്നു. കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും പൊലീസും പാര്‍ട്ടിയെ വേട്ടയാടുന്നുവെന്നാണ് ബി.ജെ.പി ആരോപിച്ചിരുന്നത്.

ബിജെപി നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചനയാണ് കേസ് അന്വേഷണത്തിലൂടെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്നാണ് പ്രധാന ആരോപണം.

 

അതേസമയം കൊടകര കേസിന്റെ തുടക്കത്തില്‍ കെ സുരേന്ദ്രനെ പിന്തുണയ്ക്കാന്‍ ബിജെപി നേതാക്കളാരും തയ്യാറാകാത്തത് വാര്‍ത്തയായിരുന്നു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മാത്രമാണ് വാര്‍ത്താക്കുറിപ്പിലൂടെ സുരേന്ദ്രനെ പിന്തുണച്ചെത്തിയത്. എന്നാല്‍ പിന്നീട് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളും സുരേന്ദ്രനെ പിന്തുണച്ചെത്തി. തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേക്കും പാര്‍ട്ടി നീങ്ങിയത്.