ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ട്യമെട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവ് ഓടി രക്ഷപെട്ടു. മധുരയിലെ ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവിൽ നിലയുറപ്പിച്ച ആനകളുടെ മുന്നിൽപ്പെടുകയായിരുന്നു

ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടിൽ ആനയിറങ്കൽ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് സംഭവമുണ്ടായത്.

കുമാറും വിജിയും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. മടങ്ങിപ്പോകാൻ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാർ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരിച്ചു.

കുമാർ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപെട്ടു. ചട്ടമൂന്നാറിൽ തോട്ടം തൊഴിലാളികളാണ് ഇരുവരും. വിജിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുമാറും ഇവിടെ ചികിത്സയിലാണ്. പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്ന തൊഴിലാളികളുൾപ്പെടെ ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിനിരയാകുന്നത് പതിവാണ്.