ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കൊല്ലം ചവറയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം പുതുക്കുറുച്ചി സ്വദേശി നിഷാന്ത്, കടയ്ക്കാവൂര്‍ സ്വദേശി റോയി എന്നിവരാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡന്‍സാഫ് ടീം പിടികൂടിയത്.

ഇക്കഴിഞ്ഞ 18-ാം തീയതി ചവറയില്‍ ആരോഗ്യ പ്രവര്‍ത്തകയുടെ മാല പൊട്ടിയ്ക്കാന്‍ ശ്രമിച്ച കേസിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്ന് നടന്ന അന്വേഷണം തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ നീണ്ടു. ഇതിനിടെയാണ് ഇരുപരതാം തീയതി രാത്രി പതിനൊന്നരയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്.

ഇതിന് ശേഷം കൊല്ലം ബീച്ചില്‍ നിന്ന് ഒരു ബൈക്കും ഇവര്‍ മോഷ്ടിച്ചിരുന്നു. സി.സി.ടി.വിയില്‍ പതിഞ്ഞ അവ്യക്തമായ നമ്പര്‍ പ്ലേറ്റിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തുന്നത്. ഇവരെ പിന്‍തുടര്‍ന്ന പോലീസ് പ്രതികളിലൊരാളായ നിഷാന്ത് എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള വോള്‍വോ ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് മനസിലാക്കി ചവറയില്‍ വച്ച് പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്യതതില്‍ നിന്നാണ് റോയിയെ തിരുവന്തപുരത്തെ വീട്ടില്‍ നിന്നും പിടികൂടിയത്. കൊല്ലം, ആലപ്പുഴ, എറണാകുളം കോട്ടയം ജില്ലകളില്‍ പ്രതികള്‍ക്കെതിരെ നിരവധിക്കേസുകള്‍ നിലവിലുണ്ട്. സ്ത്രീകളെ മാരകമായി അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് പ്രതികള്‍ക്കുള്ളത്.

ചവറ സി.ഐ നിസാമുട്ടീന്‍, എസ്.ഐ സുകേഷ്, അനു, ഡന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ. ജയകുമാര്‍, എ.എസ്.ഐ. ബൈജു. പി. ജറോം, സി.പി.ഒ മാരായ രരീഷ്, ദിപു, സജു, സീനു, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.