വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. , തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റ് വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വാക്കുതര്‍ക്കത്തിന് പിന്നാലെ മര്‍ദനം, കഴുത്തറുത്തത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച്

പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥി അഭിഷേക് സഹപാഠി നിഥിനയുടെ കഴുത്തറുത്തത് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്പി ഡി. ശില്‍പ. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്തതിന് ശേഷം ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും എസ്.പി പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി പ്രതിക്ക് അടുപ്പമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടക്കുമ്പോള്‍ സമീപമുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണെന്നും എസ്പി പറഞ്ഞു.

രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുന്നതായും കണ്ടു. ഇതോടെ ഇരുവരേയും പിരിച്ചുവിടാനെത്തിയപ്പോഴാണ് യുവാവ് കത്തിയെടുത്ത് ആക്രമിച്ചത്. ചോര ചീറ്റുന്നത് മാത്രമാണ് പിന്നീട് കണ്ടതെന്നും കോളേജിലെ സുരക്ഷാ ജീവനക്കാരനായ ജോസ് പറഞ്ഞു.

സംഭവമറിഞ്ഞ് എല്ലാവരും ഓടിക്കൂടി. ഗുരുതരമായി പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരിച്ചതെന്നും ജോസ് പറഞ്ഞു.

വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ അഭിഷേക് കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്‌നോളജി വിഭാഗത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവസമയം ക്യാമ്പസിലുണ്ടായിരുന്നവരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.