പോത്തന്‍കോട്​ കൊലപാതകം: നടന്നത്​ സിനിമയെ വെല്ലുന്ന ആസൂത്രണം, സുധീഷ്​ വെട്ടേറ്റ്​​ കിടന്നത്​ രണ്ട്​ മണിക്കൂര്‍

ചെമ്പകമംഗലം സ്വദേശി സുധീഷ് പോത്തന്‍കോട് കല്ലൂരിലെ ബന്ധുവീട്ടില്‍ അതിദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രതികള്‍ ആസൂത്രണം ചെയ്​തത്​ സിനിമയെ വെല്ലുന്ന തരത്തില്‍.

ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തിയ 11 അംഗ സംഘം വീടിന് 500 മീറ്റര്‍ മാറി വാഹനങ്ങള്‍ ഒതുക്കിയശേഷം ആയുധങ്ങളുമായി ഒരുമിച്ച് സുധീഷുള്ള സ്ഥലം ലക്ഷ്യമാക്കി നടവഴിലൂടെ നീങ്ങുകയായിരുന്നു.

സുധീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവീടിന് 300 മീറ്റര്‍ അകലെ വെച്ച് സംഘം നാലായി തിരിയുകയും രക്ഷപ്പെട്ട് പോകാതിരിക്കാന്‍ നാലിടങ്ങളില്‍ ഓരോ സംഘവും നിലയുറപ്പിച്ച ശേഷമാണ് നാടന്‍ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ഫോടന ശബ്ദം കേട്ടതോടെ സമീപത്തെ പറമ്ബില്‍ ഇരുന്നിരുന്ന സുധീഷ് അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുന്നതിനിടയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിച്ച അക്രമി സംഘം സുധീഷിന് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് സ്ഥലവാസികള്‍ പൊലീസിനോട് പറഞ്ഞത്.

ആയുധങ്ങളുമായി സുധീഷിനെ തിരഞ്ഞെത്തിയ സംഘം സമീപവാസികളെ ആയുധം കാട്ടി കൊലവിളി നടത്തി ഓരോ വീടും പരിശോധിച്ച ശേഷമാണ് സുധീഷ് പ്രാണരക്ഷാര്‍ത്ഥം ഓടിക്കയറിയ വീട് കണ്ടെത്തുകയും വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കടന്ന് വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊന്നതും. ഇരുകാലിലും കൈകളിലും നിരവധി വെട്ടുകളുണ്ട്.

അക്രമണത്തിനിടെ വേര്‍പെട്ട ഇടതുകാലുമായി മടങ്ങിയ സംഘം 500 മീറ്റര്‍ അകലെ ജംഗ്​ഷനില്‍ എത്തി വലിച്ചെറിയുകയായിരുന്നു. സംഭവശേഷം രണ്ട് മണിക്കൂറാണ് സുധീഷ് വെട്ടേറ്റ് കിടന്നത്. പൊലീസെത്തി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്ബോള്‍ ഒട്ടകം രാജേഷും ഉണ്ണിയും ചേര്‍ന്നാണ് തന്നെ വെട്ടിയതെന്ന് സുധീഷ് മൊഴി നല്‍കുകയും ഉദ്യോഗസ്ഥര്‍ അത് വിഡിയോയില്‍ രേഖപ്പെടുത്തുകയും ചെയ്​തു.

പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെ സുധീഷ് ബോധരഹിതനായി വീഴുകയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ്​ മരണം സംഭവിക്കുകയും ചെയ്തു. മംഗലപുരം ഭാഗത്ത് നിന്നെത്തി കൃത്യത്തിന് ശേഷം വാവറമ്ബലം ഭാഗത്തേക്കാണ് പ്രതികള്‍ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 15ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

ആറ്റിങ്ങള്‍ സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ സുധീഷിന്‍റെ വിവരങ്ങള്‍ ഗുണ്ടാ സംഘത്തിന് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ചും പൊലീസ് അന്വഷണം നടത്തുന്നുണ്ട്. അതിനിടെ അക്രമണ ദിവസം പ്രതികള്‍ ഉള്‍പ്പെട്ട ഗുണ്ടാ സംഘം മംഗലപുരത്തിനും കല്ലൂരിനും ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തെ പാലത്തിന് സമീപം കൊലപാതകത്തിന്​ തയാറെടുപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

ഇക്കഴിഞ്ഞ ആറിന് ആറ്റിങ്ങള്‍ മങ്ങാട്ടുമൂലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുള്ള പ്രാഥമിക സൂചന. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ റൂറല്‍ എസ്.പി. പി.കെ. മധുവിന്‍റെ നേതൃത്വത്തില്‍ റൂറല്‍ പരിധിയിലെ ഭൂരിഭാഗം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെയും ഒട്ടകം രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ കേസുകള്‍ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞു.

കൃത്യം നടന്ന വീടിന്‍റെ ഉടമയും ദൃക്​സാക്ഷിയും സുധീഷിന്‍റെ ബന്ധുവുമായ സജീവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ട്​ പ്രതികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലപ്പെട്ട സുധീഷിന്‍റെ മൃതദേഹം ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും പരിശോധിച്ചശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.