എന്റെ പാർട്ടിക്ക് എന്റെ ഹദിയമുസ്‌ലിംലീഗ് പ്രവർത്തന ഫണ്ട് ക്യാമ്പയിന് തുടക്കമായി

മലപ്പുറം: മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ക്യാമ്പയിൻ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ ക്ക് തുടക്കമായി. പാണക്കാട് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ്്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ക്യാമ്പയിൻ കൺവീനർ മഞ്ഞളാംകുഴി അലി എംഎൽഎ, എംഎൽഎമാരായ പി. ഉബൈദുല്ല, യു.എ. ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.

ജനങ്ങളുടെ പണം ജനങ്ങളുടെ ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കുക എന്ന മഹത്തായ രാഷ്ട്രീയ പ്രവർത്തനമാണ് മുസ്്ലിംലീഗ് നടത്തുന്നതെന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും പിന്നാക്കമായിപ്പോയ സമൂഹത്തെ മുഖ്യധാരയിലെത്തിക്കുന്ന വിശ്രമമില്ലാത്ത പ്രവർത്തനമാണ് ലീഗ് നടത്തുന്നത്. ഒറ്റപ്പെട്ട സമൂഹത്തെ കൈകോർത്തുപിടിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കാനും പാർട്ടി ശ്രമിക്കുന്നു. ലീഗിനെ കണ്ടും അനുഭവിച്ചും അറിഞ്ഞ സമൂഹത്തിലേക്കാണ് ധനസമാഹരണത്തിനായി പ്രവർത്തകർ ഇറങ്ങുന്നത്. എക്കാലത്തും സമൂഹത്തിന് വഴികാട്ടിയായ പ്രസ്ഥാനമാണിത്. മുസ്്ലിംലീഗ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പിന്നീട് പല പാർട്ടികളും ഏറ്റെടുത്തത്. സമ്പൂർണ്ണമായി ഓൺലൈൻ വഴി പ്രവർത്തന ഫണ്ട് പിരിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അതേറ്റെടുത്തുകൊണ്ടാണ് ലീഗ് മാതൃക കാണിക്കുന്നത്. ജനനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓർമ്മയിലാണ് ഈ ക്യാമ്പയിൻ നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെകൂടി തീരുമാനമായിരുന്നു ഇത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവിധ കാരണങ്ങൾകൊണ്ട് പിന്നിലാവുകയോ ഇരയാക്കപ്പെടുകയോ ചെയ്യുന്നവരിലേക്ക്് കൂടുതൽ ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. മുസ്്ലിംലീഗിനെ ജനങ്ങൾക്ക് അറിയാമെന്നും സുതാര്യമായ ധനസമാഹരണം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യുആർ കോഡ് സ്‌കാൻ ചെയ്തും ആപ്പുവഴിയും സംഭാവനകൾ അയയ്ക്കാം. പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ സാദിഖലി തങ്ങളുടെ സന്ദേശം മൊബൈൽ ഫോണിലേക്കെത്തും. തുടക്കത്തിൽതന്നെ ക്യാമ്പയിന് നല്ല പ്രതികരണം ലഭിച്ചുതുടങ്ങിയതായി മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. ഞായറാഴ്ച തുടങ്ങിയ ക്യാമ്പയിൻ റമസാൻ 30ന് സമാപിക്കും.