വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും കുഴൽ പണം പിടികൂടി.

വളാഞ്ചേരി: വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ചൊവാഴ്ച രാവിലെ 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന് സമീപത്ത് വച്ചാണ് തൃശൂർ തളി സ്വദേശി വലിയ പീടിയേക്കൽ അബ്ദുൽഖാദറെ (37) പണവും കാറും സഹിതം പിടികൂടിയത്.

പട്ടാമ്പി ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിനോട് ചേർന്ന ഭാഗത്തെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇയാളിൽ നിന്ന് ജനുവരി മാസത്തിൽ വളാഞ്ചേരി പൊലീസ് 48 ലക്ഷം രൂപ മറ്റൊരു കാറിൽ നിന്ന് പിടികൂടിയിരുന്നു. പരിശോധനാ സംഘത്തിൽ സി.ഐ കൂടാതെ എസ്.ഐ. നൗഷാദ്, സി.പി.ഒമാരായ ആൻസൺ, ജോൺസൻ, വിനീത്, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിനേയും എൻഫോഴ്സ്‌മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.