സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു . വിദ്യാഭ്യാസ ,ഭക്ഷ്യ, ആരോഗ്യ വകുപ്പുകള്‍ സ്കൂളുകളില്‍ പരിശോധന നടത്തുമെന്ന് ഉന്നതതലയോഗത്തിന് ശേഷം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടായത് അരി കാരണമാണെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളില്‍ ആരോഗ്യപ്രശ്നമുണ്ടായ രണ്ടു കുട്ടികള്‍ക്ക് മലിനമായ വെള്ളത്തിലൂടെ പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു.  വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.


പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിന് പിന്നാലെ മൂന്ന് സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചത് . ഭക്ഷ്യവിഷബാധയാണോ എന്ന് പരിശോധന ഫലം ലഭിച്ചാലെ വ്യക്തമാവൂ എന്നും വിഷയത്തെ ഗുരുതരമായി കണ്ടാണ് പ്രതിരോധ നടപടികളെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വെള്ളം പരിശോധിക്കാന്‍ എല്ലാ സ്കൂളുകള്‍ക്കും നിര്‍ദേശം നല്‍കി. പാചക പുരയും പാത്രങ്ങളും  പരിശോധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു .

കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചത് സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്  . കൂടുതല്‍ സാമ്പിളുകള്‍ അനലറ്റിക്കല്‍ ലാബിലേക്ക്  പരിശോധനക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍  വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു . അധ്യാപകരും ജനപ്രതിനിധികളും കുട്ടികള്‍ക്ക് ഒപ്പം ഉച്ചഭക്ഷണം കഴിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു .

കൊട്ടാരക്കരയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പര്‍ സജ്ന ബീവിയെയും സസ്പെന്‍ഡ് ചെയ്തു. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.