കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ച വിരോധം തീർക്കാൻ ചങ്ങരംകുളത്ത് യുവാവിന് ക്രൂരമർദ്ദനം; പ്രതികൾ അറസ്റ്റിൽ

മലപ്പുറം: കഞ്ചാവ് കച്ചവടം പൊലീസിനെ അറിയിച്ചതിന്റെ വിരോധം തീർക്കാൻ മലപ്പുറം ചങ്ങരംകുളത്ത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കാര്യാടത്ത് അബ്ദുൽ അഹദ്(26) ചിറമനങ്ങാട് ഇല്ലിക്കൽ ഷമ്മാസ്(22)എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കുന്നംകുളത്ത് പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളാണ് ഇവരെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.കേസിൽ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റിൽ ആയ പ്രതികളെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രതികളെ സംഭവം നടന്ന താടിപ്പടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

കേസിൽ ചങ്ങരംകുളം അമയിൽ സ്വദേശി മുഹമ്മദ് ബാസിൽ(22) നേരത്തെ അറസ്റ്റിലായിരുന്നു.മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.യുവാവിനെ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് താടിപ്പടിയിലുള്ള പോത്ത് ഫാമിൽ വിളിച്ച് വരുത്തി 9 പേരടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

പിടിയിലായ പ്രതി ഷമ്മാസ് ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്.ചങ്ങരംകുളം എസ്‌ഐ രാജേന്ദ്രൻ,എസ്.സി.പി.ഒ മാരായ ഷിജു,സനോജ് സി.പി.ഒ രാകേഷ് എന്നിവരാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുന്നത്.