വെട്ടം ഗ്രാമപഞ്ചായത്തിൽ ‘നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിനും വാർഡ് തല ശുചിത്വ പദ്ധതിക്കും തുടക്കമായി

വെട്ടം: 2031-ഓടെ കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘നിർമ്മലം പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി വെട്ടം ഗ്രാമപഞ്ചായത്തുതല ക്യാമ്പയിനും വാർഡ് തല ശുചിത്വ പദ്ധതികൾക്കും തുടക്കമായി. മങ്ങാട്ടിരി പാലത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സക്കീന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളക്കപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ‘I care, I clean, I commit’ എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകൾ മാലിന്യമുക്തമായി സൂക്ഷിക്കുന്നതിനായി പുതിയ ശുചിത്വ തൊഴിലാളികളെ നിയമിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കുക, അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം നൂറ് ശതമാനമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാഹുൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുസൈ ബാനു, വികസന സ്ഥിരം സമിതി അധ്യക്ഷ ബൈഷ മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജൻ പി.പി., ജലീൽ അലി ഇല്ലം, മുരളീധരൻ മാസ്റ്റർ, സത്താർ പി.പി., കെ.ടി. ബാവ, മൊയ്തീൻ കുട്ടി പിലായിൽ, അഷ്റഫ് എം.കെ., കദീജ ബഷീർ, കോർഡിനേറ്റർ കെ.ഐ. നാസർ, അതുൽ, സി.ഡി.എസ്. ഭാരവാഹികളായ സെമീറ, ആരിഫ, ആയിഷ, ശംല തുടങ്ങിയവർ നേതൃത്വം നൽകി. ഹരിത കർമ്മ സേനാംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
