വീഴ്ചകള്‍ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകും. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.
പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ ഇനിയും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.