ഊരുവിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഊരുവിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ അനുവദിച്ച മൂന്ന് ഊരുവിദ്യാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിലമ്പൂര്‍ ബി.ആര്‍.സിയില്‍ പി. വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. കരുളായി പഞ്ചായത്തിലെ കൊട്ടുപാറ, വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലി, മമ്പാട് പഞ്ചായത്തിലെ മുണ്ടത്തോട് എന്നിവിടങ്ങളിലാണ് ഊരുവിദ്യാലയങ്ങള്‍ ആരംഭിക്കുന്നത്. നിലമ്പൂരിലെ ആദിവാസി മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയാണിത്.ജനപ്രതിനിധികള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, എസ്.സി -എസ്ടി പ്രമോട്ടര്‍മാര്‍, ഐടിഡിപി പ്രതിനിധികള്‍, സമീപ വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍, ബിആര്‍സി ട്രെയിനര്‍മാര്‍, സിആര്‍സിസിമാര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ജനകീയ സ്വഭാവത്തോടെ ആരംഭിക്കുന്ന വിദ്യാലയങ്ങളില്‍ അതത് വിഭാഗങ്ങളില്‍ നിന്നും നിയമിക്കുന്ന വളന്റിയര്‍മാര്‍ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും രണ്ടു മണിക്കൂര്‍ വീതം അവര്‍ വിദ്യാര്‍ഥികളെ പഠന കാര്യങ്ങളില്‍ സഹായിക്കും. ഓരോ കുട്ടിക്കും പ്രതിദിനം പത്തുരുപ റിഫ്രഷ്‌മെന്റ് ഇനത്തില്‍ നല്‍കും.സമഗ്ര ശിക്ഷാ കേരള മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി വേണുഗോപാലന്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. മണി മുഖ്യ സന്ദേശം നല്‍കി. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ എം.കൃഷ്ണന്‍കുട്ടി ഗോത്ര സംസ്‌കൃതിയുമായി ബന്ധപ്പെട്ട നാടന്‍പാട്ട് അവതരിപ്പിച്ചു. എച്ച്.എം പ്രതിനിധി ജോര്‍ജ് പി. വര്‍ഗീസ്, നിലമ്പൂര്‍ ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റര്‍ എം മനോജ് കുമാര്‍, ബി.ആര്‍.സി ട്രെയിനര്‍ അബ്ദുസലാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.