കൈവിടില്ല മതസൗഹാർദ്ദം; മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴി യാഥാർഥ്യമായി;

മുതുവല്ലൂർ ∙ മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി യാഥാർഥ്യമായി. പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റിയാണു നടപ്പാതയ്ക്കുള്ള സ്ഥലം മുതുവല്ലൂർ പഞ്ചായത്തിനു കൈമാറിയത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നടപ്പാത നിർമിച്ചു.ഇതോടെ, സമീപത്തെ കോഴിക്കോടൻ മൂച്ചിത്തടം കോളനിയിലേക്കും വഴിയായി. ഒരു മീറ്ററിലേറെ വീതിയിൽ 110 മീറ്റർ നടപ്പാതയാണ് ഒരുക്കിയത്. പ്രസിഡന്റ് കെ.എ.സഗീർ ഉദ്ഘാടനം ചെയ്തു. എൻ.സി.മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. പള്ളി കമ്മിറ്റി സെക്രട്ടറി ശിഹാബ്, ശങ്കരൻ, ഉണ്ണിക്കൃഷ്ണൻ, നാടിക്കുട്ടി, എൻ.സി.ഉമ്മർ, കെ.പി.അലി തുടങ്ങിയവർ പ്രസംഗിച്ചു.