കൂട്ടംകൂടിയിരുത്തം,മംഗലത്ത് ഏറുമാടങ്ങൾ പൊളിച്ചു

കൂട്ടായി: മുന്നറിയിപ്പുകൾ വകവെയ്ക്കാതെ കൊറോണ വ്യാപന കാലത്തും ആളുകൾ കൂട്ടംകൂടി ഇരിക്കാനുപയോഗിച്ചിരുന്ന ഏറുമാടങ്ങൾ പൊളിച്ച് മാറ്റി.മംഗലം പഞ്ചായത്തിലാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറുമാടങ്ങൾ പൊളിച്ച് നീക്കിയത്.

ഇരുപതിലേറെ ഏറുമാടങ്ങളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കുട്ടികളും യുവാക്കളും ഇത്തരം സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു.

രാത്രിയിലും ഇത്തരം കേന്ദ്രങ്ങളിൽ ആളുകളുണ്ട്.ഏറുമാടങ്ങൾ പലതുമുണ്ടാക്കിയിരിക്കുന്നത് പൊതുസ്ഥലങ്ങളിലാണ്.പുഴയിലും കടലോരത്തും തോടിന് കുറുകെയുമായൊക്കെയാണ് ഏറുമാടങ്ങൾ നിർമിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച പൊതുഇടങ്ങളിലെ ഏറുമാടങ്ങളാണ് പൊളിച്ചത്.സ്വകാര്യ വ്യക്തികളുടെ പറമ്പിൽ സ്ഥിതി ചെയ്യുന്നതിൽ ഉടമക്ക് പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്.

സമയബന്ധിതമായി ഉടമ ഏറുമാടം നീക്കം ചെയ്തില്ലെങ്കിൽ പഞ്ചായത്ത് തന്നെ പൊളിച്ചു മാറ്റും.വരും ദിവസങ്ങളിൽ നടപടി കർശനമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഗോപീകൃഷ്ണൻ പറഞ്ഞു.

പഞ്ചായത്ത് എ.ഇ സെക്ടറൽ മജിസ്ട്രേറ്റ് എം. ശ്രീനാരായണൻ,ഉദ്യോഗസ്ഥരായ എം.നൗഷാദ്,ടി.എസ്.ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.

കൊറോണ വ്യാപനത്തിന് കാരണമാകുന്ന തരത്തിൽ യുവാക്കൾ കൂട്ടം കൂടിയിരിക്കുന്ന ഏറുമാടം മംഗലം പഞ്ചായത്ത് ജീവനക്കാർ പൊളിച്ച് മാറ്റുന്നു.