തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവയാണ് ഫ്ലാറ്റ്ഫോമിൽ നിന്നും ആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. രണ്ടും ബാ​ഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌൺ ഷുഗർ, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.

ഓണം പ്രമാണിച്ച് ട്രെയിൻ വഴി മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ആർ എഫ് -എക്‌സൈസ്, എക്‌സൈസ് ഇന്റലിജൻ്സ് ബ്യൂറോ എന്നിവ സംയുക്തമായി പരിശോധന നടത്തിയത്. ശനിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിൽ തിരൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ ഫ്ലോറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെടുത്തത്. യാത്രക്കാരുടെ ഇരിപ്പിടത്തിന് ചുമട്ടിലായാണ് ലഹരിമരുന്നുകൾ ഉണ്ടായിരുന്നത്. പിടികൂടിയ മയക്കുമരുന്ന് കോടതിയിൽ ഹാജരാകുമെന്നും ഇവ എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ, എക്‌സൈസ് സി ഐ മുഹമ്മദ് സലീം എന്നിവർ മാധ്യമ പ്രവർത്തരോട് പറഞ്ഞു.

ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, ബിനുരാജ്, ഐബി പ്രിവന്റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങിയ സംഘമാണ് ലഹരിമരുന്നു പിടികൂടിയത്.