പിടികൂടിയത് മലപ്പുറത്തേക്കുള്ള നിരോധിത പുകയില ഉത്പന്നം: വെളിവായത് ഓൺലൈൻ പെൺവാണിഭം

പാലക്കാട് : മുതലമടയിൽ 30 ലക്ഷത്തിന്റെ നിരോധിത ഉത്പന്നം പിടികൂടിയ എക്സൈസ് സംഘം കണ്ടെത്തിയത് ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണികളെ. സാമൂഹിക മാധ്യമത്തിൽ സ്ത്രീകളുടെ വ്യാജ പ്രൊഫൈൽ വഴി ആളുകളെ വലയിലാക്കി വൻതോതിൽ പണം തട്ടിച്ചതിന്റെ തെളിവുകളും എക്സൈസ് സംഘം കണ്ടെത്തി. സമൂഹത്തിലെ ഉന്നതസ്ഥാനത്തുളളവരുടെയടക്കം പണം കൈമാറിയ തെളിവ്‌ കണ്ടെത്തിയെങ്കിലും മാനനഷ്ടം ഭയന്ന് ആരും ഇതുവരെ പരാതിനല്കാൻ തയ്യാറായിട്ടില്ലെന്നാണ് സൂചന.

പൊള്ളാച്ചിയിൽനിന്ന് മലപ്പുറം ഭാഗത്തേക്ക് പിക്ക് അപ് വാനിൽ കടത്തുന്നതിനിടെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് രഹസ്യാന്വേഷണവിഭാഗം പിടികൂടിയത്. മുതലമട കാമ്പ്രത്തുചളളയിലാണ് പരിശോധന നടന്നത്. എക്സൈസ് ഇൻസ്പെക്ടർ സി. സെന്തിൽ കുമാറും സംഘവുമാണ്‌ പരിശോധ നടത്തി വാഹനവും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീൻ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായും അധികൃതർ പറഞ്ഞു. ഇടപാടുകളെക്കുറിച്ചറിയാൽ മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഒരാളുടെ ഫോണിൽ സാമൂഹികമാധ്യമംവഴി നടത്തിയ ഇടപാടുകൾ കണ്ടെത്തിയത്.

ഒരു വനിതയുടെ പേരിലുളള വ്യാജ പ്രൊഫൈൽ വഴി നിരവധിപേർ തുകകൾ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ആൾക്കാരെ വലയിൽ വീഴ്‌ത്താനായി ഒട്ടേറെ സ്ത്രീകളുടെ ചിത്രവും അയച്ചുനല്കിയതായി കണ്ടെത്തിയിട്ടുണ്ട്. പുകയില ഉത്പന്നങ്ങളുമായി പിടിയിലായവരെ കൊല്ലങ്കോട് എക്സൈസ് റേഞ്ചിന് കൈമാറി. ഇവരെ പോലീസിന് കൈമാറുമെന്ന് അധികൃതർ പറഞ്ഞു. മൂന്നുലക്ഷം രൂപയ്ക്ക് വാങ്ങിയ ഉത്‌പന്നങ്ങൾ 30 ലക്ഷം രൂപയ്ക്ക് വിൽക്കുമെന്ന് പ്രതികൾ എക്സൈസിന് മൊഴിനല്കി.

കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും പാലക്കാട് എക്സൈസും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ കൊല്ലങ്കോട് റേഞ്ച് ഇൻസ്പെക്ടർ വി. ബാലസുബ്രഹ്മണ്യൻ, ഇൻറലിജൻസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജെ.ആർ. അജിത്ത്, പി. ഷാജി, എം.എസ്. മിനു, എം. സുരേഷ് കുമാർ, വി. മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ, വിജയകുമാരൻ എന്നിവർ പങ്കെടുത്തു.