നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിൽ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം.

മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് അക്വിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാൾക്ക് പുറമേ മറ്റ് പല ഡോക്ടർമാരും മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വിൽ പിടിയിലായത്. ഇയാളിൽ നിന്ന് 2.4 ഗ്രാം എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡിൽ കണ്ടെത്തി. പതിനഞ്ച് ദിവസം മാത്രമാണ് ഹൗസ് സർജൻസി പൂർത്തിയാക്കാൻ ഉണ്ടായിരുന്നത്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ ലഹരി വിൽപ്പനയും ഉണ്ടായിരുന്നു. വൻ തുകയ്ക്കാണ് ഇയാൾ മയക്കുമരുന്ന് വിറ്റിരുന്നത്.

ബംഗളൂരുവിൽ നിന്നാണ് എം ഡി എം എ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്നും എത്തിക്കുകയായിരുന്നു. അക്വിലിന്റെ മുറിയിൽ വച്ചാണ് മറ്റ് ഡോക്ടർമാരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത്. പതിനഞ്ചോളം ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായി അക്വിൽ പൊലീസിന് മൊഴി നൽകി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.